ഓമല്ലൂര്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കുറുപ്പന്തറ: വര്‍ഷങ്ങളായി മുടങ്ങി കിടന്ന മാഞ്ഞൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെടുന്ന ഓമല്ലൂര്‍ കുടിവെള്ള പദ്ധതിയുടെ തുടര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2004ല്‍ നിര്‍മാണം ആരംഭിച്ച പദ്ധതി പിന്നീട് മുടങ്ങുകയായിരുന്നു. വാര്‍ഡ് മെമ്പറും മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുനു ജോര്‍ജിന്റെ ശ്രമഫലമായാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ജോസ് കെ.മാണി എംപിയുടെ മുന്ന് ലക്ഷം രൂപയും മോന്‍സ് ജോസഫ് എംഎല്‍എയുയെ 2.50 ലക്ഷവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ മിനി ബാബുവിന്റെ നാലു ലക്ഷം രൂപയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സൂസന്‍ ഗര്‍വാസീസിന്റെ ഒരു ലക്ഷവും പഞ്ചായത്ത് വകയായി സുനു ജോര്‍ജ് അനുവദിച്ച 75,000 രൂപയും ഉള്‍പെടെ പതിനൊന്നേകാല്‍ ലക്ഷം രൂപ ചിലവഴിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുന്നത്.

ഗുണഭോക്തൃവിഹിതമായി ഒരു കുടുംബത്തില്‍നിന്നും 1500 രൂപ വീതവും വാങ്ങൂന്നുണ്ട്. സുരേഷ് കുറുപ്പ് എംപിയായിരിക്കെ 2004ല്‍ അനുവദിച്ച ആറു ലക്ഷം രൂപ പയോഗിച്ച് നാലു സെന്റ് സ്ഥലം വാങ്ങി പദ്ധതിക്കായി ഓമല്ലൂരില്‍ കുളം നിര്‍മിച്ചിരുന്നു. ഫണ്ടിന്റെ അപര്യാപത്തതയും മറ്റു സാങ്കേതിക കാരണങ്ങളുമാണ് പിന്നീട് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായത്. കുളത്തില്‍നിന്നും 900 മീറ്റര്‍ ദൂരത്തില്‍ കൊണ്ടൂക്കാലായിലാണ് 15,000 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് നിര്‍മിക്കുന്നത്. 90 എംഎംന്റെ ഗുണനിലവാരമുള്ള എച്ച്ഡിപി പൈപ്പാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. 150 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ നിര്‍മിച്ച കുളത്തില്‍നിന്നും വെള്ളം തികയാതെ വന്നാല്‍ സമീപത്തുതന്നെയുള്ള പഞ്ചായത്തിന്റെ മണിയഞ്ചിറ കുളത്തില്‍നിന്നും വെള്ളം എടുക്കുന്നതിനും പദ്ധതിയുണ്ട്. ഉദ്ഘാടനസമ്മേളനത്തില്‍ സുനു ജോര്‍ജ് അധ്യക്ഷത വഹിച്ചു.

പമ്പ് ഹൗസിന്റെ നിര്‍മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി സിബിയും ഓവര്‍ ഹൈടാങ്ക് നിര്‍മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംമ്പര്‍ സൂസന്‍ ഗര്‍വാസീസും നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി. എല്‍.തോമസ്, സി. എം.ജോര്‍ജ്, ചാക്കോ മത്തായി, സുജ ലൂക്കോസ്, സാലിമോള്‍ ജോസഫ്, സമിതി പ്രസിഡന്റ് എന്‍.കെ.രാജശേഖരന്‍ നായര്‍, സെക്രട്ടറി രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

X
Loading