കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു.
കുറവിലങ്ങാട്: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ പാറലോലിക്കല്‍ നൂറ്റൊന്നു കവല ബാദുഷ മന്‍സിലില്‍ നൗഷാദിന്റെ മകന്‍ നിഷാദ്(22) ആണ് മരിച്ചത്. മരിച്ച നിഷാദിന്റെ സഹോദരന്‍ അന്‍ഷാദ (24) പറയരുകുഴിസേത്തു എന്നു വിളിക്കുന്ന അനൂപ്(20) വാകച്ചേരില്‍ സിനാജ് (24)എന്നിവരെ വിവിധ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്‍ഷാദിനെ കോട്ടയം മെഡിക്കല്‍ കോളജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എം.സി റോഡില്‍ വെമ്പളളി പാലത്തിന് സമീപം ചൊവ്വ പുലര്‍ച്ചെ നാലേമുക്കാലിനായിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിഷാദിന്റെ സുഹൃത്ത് പറയരു കുഴി മാത്യുവിനെ ഇറ്റലിക്ക് യാത്രയാക്കിയതിന് ശേഷം മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്നത് മരിച്ച നിഷാദാണ്. വെമ്പളളി പാലത്തില്‍ എത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ആദ്യം പാലത്തിലും തുടര്‍ന്ന് വഴിയരികിലെ തണല്‍ മരത്തിലും ഇടിച്ചതിന് ശേഷം മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. വാഹനമൊടിച്ചിരുന്നയാള്‍ ഉറങ്ങിയതാകാം അപകടകാരണമെന്നു കരുതുന്നു. കാര്‍ നിശ്ശേഷം തകര്‍ന്നു. നിഷാദിന്റെ കമ്പറടക്കം കഴിഞ്ഞു. റസിയ ആണ് മാതാവ്. സഹോദരങ്ങള്‍ അന്‍ഷാദ്, ബാദുഷ. മരിച്ച നിഷാദ് നൂറ്റിയൊന്നു കവലയില്‍ ഫ്രൂട്‌സ് വ്യാപാരിയാണ്.


