കുട്ടികളുടെ ഗ്രാമസഭ കൗതുകമായി
കുറുപ്പന്തറ: കൗതുകമായി കുട്ടികളുടെ ഗ്രാമസഭ. മന്ത്രി എം. കെ.മുനിര്‍ നടത്തുന്ന ഗ്രാമയാത്രയുടെ മുന്നോടിയായി മാഞ്ഞൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുട്ടികളുടെ ഗ്രാമസഭയാണ് വേറിട്ട കാഴ്ച്ചയായത്. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 250ഓളം വിദ്യാര്‍ഥികള്‍ കുട്ടികളുടെ ഗ്രാമസഭയില്‍ പങ്കെടുത്തു. തങ്ങള്‍ നേരിടുന്ന ദുരിതങ്ങളും പ്രതിസന്ധികളും ആവശ്യങ്ങളും വിദ്യാര്‍ഥികള്‍ ഗ്രാമസഭയുടെ ശ്രദ്ധയില്‍പെടുത്തി. സ്‌കൂള്‍ പരിസരം മലിനമായി കിടക്കുന്നതിനെതിരെ ചില വിദ്യാര്‍ഥികള്‍ പരാതിപെട്ടപ്പോള്‍, വാഹനസൗകര്യങ്ങളില്ലാത്തതിനാല്‍ സ്‌കൂളില്‍ വന്നു പോകൂന്നതിലുണ്ടാകുന്ന ദുരിതങ്ങളായിരുന്നു മറ്റു ചിലര്‍ ഉന്നയിച്ചത്. പഠനസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നേരിടുന്ന പ്രശ്‌നങ്ങളും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ഗ്രമസഭയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി സിബി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സുനു ജോര്‍ജ് അധ്യക്ഷത വഹിച്ചു. കില ഫാക്കല്‍റ്റി ജോണ്‍ നിധീരി ക്ലാസെടുത്തു. വി. എല്‍.തോമസ്, സി. എം.ജോര്‍ജ്, പി.സുകുമാരന്‍, ബിനോ സക്‌റിയ, സാലിമോള്‍ ജോസഫ്, സുജ ലൂക്കോസ്, മേരി ജോസ്, മോളി ജോസഫ്, ഷാരി കെ.ആര്‍, പീറ്റര്‍ മ്യാലിപ്പറമ്പില്‍, പി. വി.തോമസ്, മാത്യു കൊട്ടാരം എന്നിവര്‍ നേതൃത്വം നല്‍കി. ഗ്രാമസഭയില്‍ കുട്ടികള്‍ അവതരിപ്പിച്ച പരാതികളും നിര്‍ദേശങ്ങളും ഇന്നലെ കിടങ്ങൂരില്‍ നടന്ന മന്ത്രി മുനിറിന്റെ ഗ്രാമയാത്രയില്‍വച്ചു സര്‍ക്കാരിന് കൈമാറി.


