കോതനല്ലൂര്‍-ഓണംതുരുത്ത് റോഡ് തകര്‍ന്നു
കുറുപ്പന്തറ : കോതനല്ലൂര്‍ - ഓണംത്തുരുത്ത് റോഡ് തകര്‍ന്നിട്ട് നാളെറെയായി. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ഈ പിഡബ്ല്യൂഡി റോഡില്‍ വീണ്ടും ടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് പൂര്‍ണമായി തകര്‍ന്നതു മൂലം ഗതാഗതം ദുഷ്‌കരമാണ്. ഈ റോഡ് വഴി ഓട്ടം വിളിച്ചാല്‍ ടാക്‌സികള്‍ വരാറില്ലെന്നു നാട്ടുകാര്‍ പരാതി പറയുന്നു. മാസങ്ങള്‍ക്കു മുന്‍പ് കോണ്‍ക്രീറ്റ് ചെയ്യാനെന്ന പേരില്‍ റോഡിന്റെ വശങ്ങള്‍ ജെസിബി ഉപയോഗിച്ചു മാന്തിയതിനെ തുടര്‍ന്നു പൊടിശല്യവും രൂക്ഷമാണ്. പൊടിയുടെ ശല്യത്തെ തുടര്‍ന്ന് റോഡിന് സമീപത്തെ വീടുകളിലുള്ളവര്‍ക്ക് ശ്വാസകോശ രോഗങ്ങളുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് കോതനല്ലൂര്‍ മുതല്‍ ചാമക്കാലാ കുരിശുപള്ളി വരെയുള്ള ഭാഗം ടാര്‍ ചെയ്യുന്നതിനു പെതുമരാമത്ത് വകുപ്പ് പണം അനുവദിച്ചെങ്കിലും ഇനിയും റോഡിന്റെ നിര്‍മാണം ആരംഭിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ചു നിരവധി തവണ എംഎല്‍എ, പിഡബ്ല്യൂഡി അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ മാസം 20ന് റോഡിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് എംഎല്‍എ വാക്ക് നല്‍കിയെങ്കിലും റോഡ് പണികള്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അംഗം ബിനോയി ഇമ്മാനുവല്‍ പറയുന്നു.


