നീന്തല്‍ പഠിക്കുന്നതിന് സ്‌കൂളുകളില്‍ സൗകര്യം ഒരുക്കണമെന്ന് വിദ്യാര്‍ഥികള്‍
കുറുപ്പന്തറ: മുങ്ങിമരണങ്ങള്‍ സാധരണമായതിനാല്‍ ചെറുപ്പത്തിലേ നീന്തല്‍ പഠിക്കുന്നതിന് സ്‌കൂളുകളില്‍ സൗകര്യം ഒരുക്കണമെന്ന് വിദ്യാര്‍ഥികള്‍. മന്ത്രി എം. കെ.മുനീറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രാമയാത്ര കിടങ്ങൂരിലെത്തിയപ്പോഴാണ് ഈ ആവശ്യവുമായി വിദ്യാര്‍ഥികള്‍ മന്ത്രിയെ സമീപിച്ചത്. നീന്തല്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയും നീന്തല്‍ കുളങ്ങളുടെ അപര്യാപത്തയും വിദ്യാര്‍ഥികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഒന്നെന്ന കണക്കില്‍ നീന്തല്‍കുളങ്ങള്‍ നിര്‍മിക്കണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. കുട്ടികള്‍ ചൂണ്ടിക്കാണിച്ച വിഷയം ഗൗരവമായി കാണൂന്നുവെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സ്‌കൂളുകളില്‍ കായികാധ്യാപകരുടെ കുറവ് മൂലമുള്ള പ്രതിസന്ധി, ശുദ്ധജല ക്ഷാമം. മൂത്രപ്പുരയുടെ കുറുവ്, വൃത്തിഹീനമായ സ്‌കൂള്‍ പരിസരങ്ങള്‍ തുടങ്ങി അടിയന്തര പ്രധാന്യമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച വിദ്യാര്‍ഥിസംഘം റോഡുകളില്‍ ഫ്‌ളെക്‌സ്, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതും ചൂണ്ടിക്കാട്ടി.
സ്‌കൂളുകളിലേയും മറ്റും പരിസരശുചികരണം സേവനവാരമെന്നതുപോലെ ആഴ്ച്ചയില്‍ ഒരുദിവസമെന്ന കണക്കില്‍ സംസ്ഥാമൊട്ടാകെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ നടപ്പാക്കണമെന്നായിരുന്നു മറ്റൊരു ശ്രദ്ധേയമായ നിര്‍ദേശം. ശാരീരിക ന്യൂനതകളും മറ്റു നിരവധിയായ കാരണങ്ങളുംമൂലം പല വിദ്യാര്‍ഥികളിലും അപകര്‍ഷതാബോധം ഉണ്ടാകുന്നതായും ഇതിന് പരിഹാരം കാണൂന്നതിനായി സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് സൗകര്യം ഒരുക്കണമെന്ന വിദ്യാര്‍ഥികളുടെ നിര്‍ദേശം മന്ത്രിയും മോന്‍സ് ജോസഫ് എംഎല്‍എയും അടക്കമുള്ള മുതിര്‍ന്നവരുടെപോലും ശ്രദ്ധ പിടിച്ചുപറ്റി. സ്വകാര്യബസുകളില്‍ ജീവനക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ പ്രത്യേകിച്ച് പെണ്‍ക്കുട്ടികള്‍ക്കു നേരേ കാണിക്കുന്ന അതിക്രമങ്ങളും, വിദ്യാര്‍ഥിനികള്‍ കയറിയിറങ്ങുമ്പോള്‍ മുട്ടിയുരുമുന്നതിനായി ബസിന്റെ ഡോര്‍പടിയില്‍ കിളികള്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും, മൊബൈല്‍ ഫോണുകളിലൂടെയുള്ള അശ്ലീല ചിത്രങ്ങളുടെ വ്യാപനം തടയുന്നതിന് സ്‌കൂള്‍ അധികൃതരും പോലീസും സര്‍ക്കാരും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എഴുതി തയാറാക്കി നല്‍കിയ നിവേദനത്തിലൂടെ വിദ്യാര്‍ഥികള്‍ മന്ത്രിയോട് ആവശ്യപെട്ടു. ഗ്രാമയാത്രയുടെ മുന്നോടിയായി മാഞ്ഞൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുട്ടികളുടെ ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ ക്രോഡികരിച്ചാണ് ഇത്തരത്തിലുള്ള ആവശ്യങ്ങളടങ്ങിയ നിവേദനം മന്ത്രിക്ക് കൈമാറിയത്.
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മാഞ്ഞൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍, കടുത്തുരുത്തി, ഞീഴൂര്‍, കിടങ്ങൂര്‍ എന്നീ പഞ്ചായത്തുകളില്‍നിന്നായുള്ള 219 വിദ്യാര്‍ഥികള്‍ പങ്കെടുത്ത കുട്ടികളുടെ ഗ്രാമസഭയിലാണ് മന്ത്രിക്ക് കൈമാറിയ നിര്‍ദേശങ്ങള്‍ രൂപപെട്ടത്. സ്‌കൂള്‍ പഠനക്കാലത്ത് തങ്ങള്‍ നേരിടുന്ന ദുരിതങ്ങളും പ്രതിസന്ധികളും ആവശ്യങ്ങളും വിദ്യാര്‍ഥികള്‍ ഗ്രാമസഭയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. മുട്ടുചിറ സെന്റ് ആഗ്നസ് ഗേള്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ജെസ്റ്റി തോമസാണ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കിടങ്ങൂരില്‍നടന്ന ഗ്രാമസഭയില്‍ കുട്ടികളുടെ സ്‌പെഷ്യല്‍ ഗ്രാമസഭ റിപ്പോര്‍ട്ട് അവതരിപ്പിച്ചതും, സര്‍ക്കാരിന് കൈമാറുന്നതിനായി മന്ത്രി മുനീറിന് കുട്ടികളുടെ ആവശ്യങ്ങളും പരാതികളും അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.


