യുവശാസ്ത്രജ്ഞനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് മുട്ടുചിറ സ്വദേശി ഷിജോ സേവ്യറിന്

മുട്ടുച്ചിറ ;മികച്ച കണ്ടുപിടുത്തത്തിന് ഐഎസ്ആര്‍ഒ നല്‍കുന്ന യുവശാസ്ത്രജ്ഞനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് മുട്ടുചിറ സ്വദേശി ഷിജോ സേവ്യറിന്. ബഹിരാകാശ ഗവേഷണത്തിനുള്ള സമഗ്ര സംഭാവനയാണ് ഷിജോയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. ലക്ഷ്യം നടത്തിയ ശേഷം മടങ്ങിയെത്താന്‍ കഴിയുന്ന വിക്ഷേപണിയുടെ ഷേപ്പ് ഡിസൈനിംഗാണ് ഷിജോയെ അവാര്‍ഡിനര്‍ഹനാക്കിയത്. ബഹിരാകാശ ഗവേഷണരംഗത്ത് ഭാവിയില്‍ ഏറേ പ്രയോജനപെടുന്ന കണ്ടുപിടുത്തമാണ് ഷിജോയുടേതെന്ന് അവാര്‍ഡ് നല്‍കിക്കൊണ്ട് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഓരോ വര്‍ഷവും പത്ത് മികച്ച യുവശാസ്ത്രജ്ഞര്‍ക്കാണ് ഐഎസ്ആര്‍ഒ അവാര്‍ഡ് സമ്മാനിക്കുന്നത്. തുമ്പ വിഎസ്എസ്‌സിയില്‍ ശ്രസ്ത്രജ്ഞനാണ് ഷിജോ. ശ്രീഹരിക്കോട്ടയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലും പങ്കെടുത്തിരുന്നു. 50,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. ആദ്യമായി ലഭിച്ച അവാര്‍ഡ് കൂടുതല്‍ കണ്ടുപിടുത്തങ്ങല്‍ നടത്തുന്നതിനുള്ള പ്രചോദനമായെന്ന് ഷിജോ പറയുന്നു. മുട്ടുചിറയിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നെത്തിയ ഷിജോ രാജ്യത്തെ മികച്ച യുവശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം പിടിച്ചത് നാടിന് തന്നെ അഭിമാനമായി. കുര്യംപറമ്പില്‍ കെ. സി.സേവ്യര്‍-റോസമ്മ ദമ്പതികളുടെ മകനാണ്. വിഎസ്എസ്‌സിയില്‍ സയന്റിസ്റ്റായ ദീപ്തി തോമസാണ് ഭാര്യ. അവാര്‍ഡിലൂടെ ജന്മനാടിന്റെ അഭിമാനമായ ഷിജോയ്ക്ക് സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും.

X
Loading