വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകള്‍ക്കുനേരെ ആക്രമണം
കുറുപ്പന്തറ : ലേഡിസ് കമ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകള്‍ക്കു നേരെ ആക്രമണം. കോട്ടയം -എറണാകുളം പാസഞ്ചറില്‍ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ലേഡിസ് കമ്പാര്‍ട്ട്‌മെന്റെിലെ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടത്. ഓടി രക്ഷപ്പെട്ട അക്രമിയെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പോലീസിലെപ്പിച്ചു. പൂന ആനന്ദസാഗര്‍ സ്വദേശി സദാനന്ദദേശ്മുഖ് 55 ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയ്യാളെ പിന്നിട് റെയില്‍വേ പോലീസിന് കൈമാറി. ഏറ്റുമാനൂര്‍ ഐ റ്റി ഐയിലെ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 9 മണിക്ക് കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. ട്രെയിന്‍ നീങ്ങി തുടങ്ങുന്ന സമയത്ത് ലേഡിസ് കമ്പാര്‍ട്ട്‌മെന്റിലേക്ക ചാടികയറിയ ദേശ്മുഖ് വാതല്‍ക്കല്‍ നിന്ന പെണ്‍കുട്ടികളെ ബലമായി തള്ളിമാറ്റിയാണ് ലേഡിസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറി കൂടിയത്. ഇയ്യാളുടെ ബലപ്രയോഗത്തിനിടെ കടുത്തുരുത്തി സ്വദേശിനിയായ സോയ എന്ന പെണ്‍കുട്ടി ട്രയിനുള്ളില്‍ തന്നെ താഴെ വീണു.
ഇതു കണ്ട ഭയന്ന മറ്റ് നാല് കൂട്ടുകാരികളും ഭയന്ന് നിലവിളിച്ച് കമ്പാര്‍ട്ട്‌മെന്റിന്റെ മറ്റെ അറ്റത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ നിഷ എന്ന പെണ്‍കുട്ടി ഭയന്ന് ബോധം കെട്ട് ട്രെയിനില്‍ വീഴുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ ചങ്ങലവലിച്ച് സ്റ്റേഷനില്‍ നിന്ന നീങ്ങിതുടങ്ങിയ ട്രെയിന്‍ നിര്‍ത്തിച്ചു. രംഗം വഷളാകുന്നത് തിരിച്ചറിഞ്ഞ പ്രതി സദാനന്ദദേശ്മുഖ് ട്രെയിനില്‍ നിന്ന് ചാടിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ഇയ്യാളെ കീഴ്‌പ്പെടുത്തി കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് കടുത്തുരുത്തി പോലീസ് എത്തി ഇയ്യാളെ കസ്റ്റഡിയിലെടുത്തു. പിന്നിടിയാളെ റെയില്‍വേ പോലീസിന് കൈമാറി. സംഭവത്തില്‍ ഭയന്നുപോയ 5 പെണ്‍കുട്ടികളെയും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് മുട്ടുച്ചിറയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം കണ്ട് ഭയന്ന് കുഴഞ്ഞ് വീണ നിഷയ്ക്കും മറ്റ് കുട്ടികള്‍ക്കും പ്രാഥമിക ശിശ്രൂഷകള്‍ നല്‍കി വിട്ടയച്ചു.
സംഭവമറിഞ്ഞ് സ്ഥലം എം എല്‍ എ മോന്‍സ് ജോസഫ്,, മറ്റ് രാഷ്ട്രിയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംഭവത്തില്‍ പരിക്കേറ്റ പെണ്‍കുട്ടികളെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. പാലാ ഡി വൈ എസ് പി രമേഷ്, കടുത്തുരുത്തി സി ഐ രാജീവ് എസ് ഐ ജിനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ സദാനന്ദദേശ്മുഖിനെ റിമാന്റ് ചെയ്തു.


